സിനിമയെ വെല്ലുന്ന കലാജീവിതമായിരുന്നു മണിയുടേത്. ശ്രദ്ധിക്കപ്പെട്ടത് സല്ലാപത്തിലെ വേഷം. പിന്നീട് ചെറു വേഷങ്ങളിൽ നിന്ന് നായകനിലേക്ക്. പിന്നെ പ്രതിനായകൻ. മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും പടർന്നു കയറി. തൃശൂർ ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായ രാമൻ വളരെപ്പെട്ടെന്നാണ് തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയത്. നാടൻ പാട്ടിന്റെ ശീലുകൾക്ക്, സ്വന്തം ശൈലിയിലൂടെ പുതു ജീവൻ നൽകി. കാഴ്ചക്കാരെ കയ്യിലെടുക്കുന്ന മികവായിരുന്നു ഈ നടന്റെ പ്രത്യേകത.
സഹായം ചോദിച്ചെത്തിയവർക്ക് വാരിക്കോരി നൽകി. ചെറുപ്പത്തിലെ നഷ്ടങ്ങളൊക്കെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കൂടിയായിരുന്നു മണിയുടെ യാത്രകൾ. മണിയോടൊപ്പം ചേർത്ത് വയ്ക്കുന്ന ഓർമ്മയാണ് മണിയുടെ പാഡിയും. മരണം മണിയെ കൊണ്ട് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകാതെ കഴിയുകയാണ് വീട്ടുകാരും കൂട്ടുകാരും സഹൃദയരും. പാട്ടുകൾ ജീവിക്കുന്നുണ്ട്. മണി ചിരിക്കുന്നുണ്ടാകണം.
0 Comments